News
ഫാ. മാത്യു നെല്ലിക്കുന്നേല് ഗോരഖ്പൂര് രൂപതയുടെ നിയുക്ത മെത്രാന്
പ്രവാചകശബ്ദം 26-08-2023 - Saturday
കൊച്ചി: സീറോ മലബാർ സഭയുടെ ഗോരഖ്പൂര് രൂപതയ്ക്ക് പുതിയ മെത്രാൻ. ഫാ. മാത്യു (സജി) നെല്ലിക്കുന്നേൽ സിഎസ്.ടിയാണ് പുതിയ മെത്രാൻ. 31-ാമത് സിനഡിന്റെ മൂന്നാമത് സമ്മേളനം ഇന്ന് സമാപിക്കവേ ഗോരഖ്പൂര് രൂപത ബിഷപ്പ് തോമസ് തുരുത്തിമറ്റം വിരമിച്ച സാഹചര്യത്തിലാണ് പുതിയ മെത്രാന്റെ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. സഭയുടെ ആസ്ഥാനകാര്യാലയത്തിൽ സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതു സമ്മേളനത്തിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
തുടർന്നു മേജർ ആർച്ചുബിഷപ്പും ഗോരഖ്പൂർ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ തോമസ് തുരുത്തി മറ്റവും ചേർന്നു നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമർപ്പിതരും നിയുക്തമെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു.
സിഎസ്ടി സന്യാസ സമൂഹത്തിന്റെ പഞ്ചാബ് പ്രോവിൻസിലെ അംഗം കൂടിയാണ് അദ്ദേഹം. ഇടുക്കി രൂപതയിലെ മരിയാപുരം നെല്ലിക്കുന്നേൽ കുടുംബാംഗമാണ് ഫാ. മാത്യു. നിയുക്ത മെത്രാന് ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠ സഹോദരനാണെന്നതും ശ്രദ്ധേയമാണ്. മെത്രാഭിഷേകം പിന്നീട് നടക്കും. 1984-ലാണ് ഗോരഖ്പൂർ രൂപത രൂപീകൃതമായത്. മാർ ഡൊമിനിക് കോക്കാട്ട് പിതാവാണ് പ്രഥമ മെത്രാൻ, സ്ഥാനമൊഴിയുന്ന മാർ തോമസ് തുരുത്തിമറ്റം 2006-ലാണ് രൂപതയുടെ അജപാലന ഉത്തരവാദിത്വമേറ്റെടുത്തത്. 17 വർഷങ്ങൾ നീണ്ട അജപാലന ദൗത്യനിർവഹണത്തിന്റെ സംതൃപ്തിയുമായാണ് ബിഷപ്പ് തോമസ് തുരുത്തിമറ്റം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നത്.


















