News - 2025
വിവാദങ്ങള്‍ ഒഴിവാക്കി സാഹോദര്യത്തില്‍ മുന്നേറാം: സമാധാന ആഹ്വാനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
പ്രവാചകശബ്ദം 19-09-2021 - Sunday
കൊച്ചി: സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കുമെന്നും ഇതിന് വഴിവെക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കണമെന്നും കേരളാ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യ ങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാ വരും പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേയ്ക്കും ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം.
ക്രൈസ്തവസഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവ രോടും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണു സഭയുടെ എന്നുമുള്ള കാഴ്ച്ചപ്പാട്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കുവാന്‍ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍ നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.
അതിനാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, എല്ലാ വിവാദങ്ങളും സമാപിപ്പിച്ച് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യډാരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു നമുക്കു സര്‍വ്വാത്മനാ സഹകരിക്കാമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

















